ഹജ്ജിന് പോയി തിരിച്ചെത്തിയ വിശ്വാസികള്‍ക്ക് സ്വീകരണമൊരുക്കി കശ്മീരി പണ്ഡിറ്റുകൾ
ഹജ്ജിന് ശേഷം മടങ്ങിയെത്തിയ മുസ്ലിം തീർത്ഥാടകരെ സ്വാഗതം ചെയ്ത് കശ്മീരി പണ്ഡിറ്റുകൾ. മുസ്ലിം ഭക്തിഗാനത്തിനൊപ്പമായിരുന്നു സ്വീകരണം. കശ്മീരി പണ്ഡിറ്റുകൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന് പ്രവാചകൻ മുഹമ്മദ് നബിയെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുമായി തീർത്ഥാടകരെ അഭിവാദ്യം ചെയ്തുവെന്ന് ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് ബിൻ മുഖ്താർ അൻസാരി പറഞ്ഞു. അദ്ദേഹം പങ്കുവച്ച വീഡിയോയിലാണ് ഈ ദൃശ്യങ്ങൾ ഉള്ളത്. സൗദി അറേബ്യയിലെ മക്കയിലേക്ക് തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയവർക്ക് ശ്രീനഗർ വിമാനത്താവളത്തിലാണ് ഊഷ്മളമായ വരവേൽപ്പ് നൽകിയത്.
“ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തീര്‍ത്ഥാടകര്‍ എത്തിയപ്പോള്‍ കശ്മീരി പണ്ഡിറ്റ് സഹോദരന്‍മാര്‍ അവരെ സ്വീകരിച്ചു. ആരതിയും ഭക്തി ഗാനവുമായി അവരെ അനുമോദിച്ചു. ഈ സ്‌നേഹം ദുഷിച്ച രാഷ്ട്രീയത്തിന്റെ കണ്ണില്‍ പെടാതിരിക്കട്ടെ” വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ മൗ സർദാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം.