Thursday, January 9, 2025
HEALTHLATEST NEWS

ജൂലൈ 29 ലോക ഒ.ആര്‍.എസ് ദിനം; വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണം: വീണാ ജോര്‍ജ്

തിരുവനന്തപുരം: വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണത്തിന്‍റെ രണ്ടാമത്തെ പ്രധാന കാരണമാണ് വയറിളക്ക രോഗങ്ങൾ. ഒആർഎസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിയും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒആർഎസും സിങ്കും സൗജന്യമായി ലഭ്യമാണ്. വയറിളക്കം, രക്തസ്രാവം, പനി, അമിത ദാഹം, നിർജ്ജലീകരണം, പാനീയങ്ങൾ കുടിക്കാൻ കഴിയാത്തത്, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായ, നാവ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഡോക്ടറുടെ സേവനം തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

എല്ലാ വർഷവും ജൂലൈ 29നാണ് ലോക ഒആർഎസ് ദിനം ആചരിക്കുന്നത്. മഴക്കാലമായതിനാൽ രോഗനിയന്ത്രണവും ബോധവൽക്കരണവുമാണ് ഒആർഎസ് ദിനം ലക്ഷ്യമിടുന്നത്. വയറിളക്ക രോഗങ്ങൾ മൂലമുള്ള നിർജ്ജലീകരണം തടയാൻ ഒആർഎസ് സഹായിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.

മിക്ക വയറിളക്ക രോഗങ്ങളും വീട്ടിലുണ്ടാക്കുന്ന പാനീയ ചികിത്സയിലൂടെ ഭേദമാക്കാൻ കഴിയും. നിർജ്ജലീകരണവും മരണവും കുറയ്ക്കാൻ പാനീയ ചികിത്സയ്ക്ക് കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, ഉപ്പിട്ട മോരും വെള്ളം എന്നിവ പോലുള്ള ഗാർഹിക പാനീയങ്ങൾ ചികിത്സയ്ക്കായി ഉപയോഗിക്കാം.