Monday, December 23, 2024
HEALTHLATEST NEWS

ജമ്മു കശ്മീരിൽ കൊവിഡ് ബാധ ഉയരുന്നു; 10 ദിവസത്തിനിടെ വർധിച്ചത് 200%

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 200 ശതമാനം വർധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ജൂൺ 5നും 14നും ഇടയിൽ 97 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. എന്നാൽ 15 മുതൽ 24 വരെ ദിവസങ്ങൾക്കുള്ളിൽ 304 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തുടനീളം കൊവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ യോഗം വിളിച്ചിരുന്നു. ശേഷിക്കുന്ന വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കാൻ ആരോഗ്യമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നീ പത്ത് സംസ്ഥാനങ്ങളിൽ ആയിരത്തിലധികം കൊവിഡ് കേസുകളുണ്ട്.