Wednesday, January 22, 2025
GULFLATEST NEWS

കുവൈറ്റിൽ ഫാമിലി, വിസിറ്റിങ് വിസകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തലാക്കി

കുവൈറ്റ്: കുവൈറ്റിൽ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ ഫാമിലി എൻട്രി, അറബിക് വിസകൾക്ക് ഇനി നോട്ടീസ് നൽകുന്നത് വരെ നിർത്തി വെയ്ക്കാൻ തീരുമാനം പുറപ്പെടുവിച്ചു. റിപ്പോർട്ട് പ്രകാരം ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. ഡോക്ടർമാരെപ്പോലുള്ള പ്രത്യേക വിഭാഗം പ്രവാസികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഓൺലൈൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഡോക്ടർമാർക്കും യൂറോപ്യൻ രാജ്യങ്ങളിലെ പൗരൻമാർക്കും നിരോധനം ബാധകമല്ല. എന്നിരുന്നാലും, ഇതിനകം വിസ ലഭിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാം. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. വിദേശികൾക്ക് കുടുംബത്തോടൊപ്പം താമസിക്കാനുള്ള ആർട്ടിക്കിൾ 22 വിസയാണ് റദ്ദാക്കിയത്. വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ വർഷം ജൂണിൽ കുടുംബ സന്ദർശകർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു. അത് പുനരാരംഭിച്ചിട്ടില്ല. കുടുംബ സന്ദർശന വിസയിലെത്തിയ ഏകദേശം 20000 വിദേശികൾ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തതിനെ തുടർന്നാണ് സന്ദർശന വിസ നൽകുന്നത് നിർത്തിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പുറമെയാണ് കുടുംബങ്ങൾക്കായുള്ള ആശ്രിത വിസയും നിർത്തുന്നത്.