Saturday, December 21, 2024
LATEST NEWSTECHNOLOGY

ചരിത്ര കുതിപ്പിന് ഐഎസ്ആർഒ; ജിഎസ്‌എൽവി ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ വിക്ഷേപണം അടുത്തയാഴ്ച

ചെന്നൈ: ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ ‘വൺ വെബിന്‍റെ’ 36 ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട് ഐഎസ്ആർഒയുടെ എൽവിഎം -3 റോക്കറ്റ് 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിക്കും. 5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിക്കുന്നതോടെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കപ്പെടും.

ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽവിഎം-3) എന്ന് പേര് മാറ്റിയ ജിഎസ്എൽവി ഉപയോഗിച്ചുള്ള ഐഎസ്ആർഒയുടെ ആദ്യ വാണിജ്യ വിക്ഷേപണമാണ് അടുത്ത ആഴ്ച നടക്കുക. ഇതാദ്യമായാണ് ഇത്രയും ഭാരമേറിയ ഉപഗ്രഹം ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്നത്. 10 ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയോട് ചേർന്നുള്ള ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശേഷി എൽവിഎം-3 റോക്കറ്റിനുണ്ട്.

വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐഎസ്ആർഒ ഇതുവരെ ഉപയോഗിച്ചിരുന്നത് പിഎസ്എൽവി റോക്കറ്റുകളാണ്. ഇതിന് മുൻപ് ജിഎസ്എൽവി മാർക്ക്-3 നടത്തിയ നാല് വിക്ഷേപണങ്ങളും ഇന്ത്യയുടെ ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനായിരുന്നു.