Monday, December 23, 2024
LATEST NEWSSPORTS

ഐഎസ്എൽ; ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് വിൽപന തുടങ്ങി

കൊച്ചി: ഐഎസ്എല്ലിന്‍റെ 9-ാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. തുടക്കമെന്ന നിലയിൽ സീസൺ ടിക്കറ്റുകൾ 40 ശതമാനം കിഴിവോടെ 2499 രൂപയ്ക്ക് ലഭിക്കും. എല്ലാ ടിക്കറ്റുകളും പേടിഎം ഇൻസൈഡറിൽ വിൽപ്പനയ്ക്ക് ലഭിക്കും.

സീസൺ പാസ് ആരാധകർക്ക് സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച സീറ്റുകളായ രണ്ടാം നിര ഈസ്റ്റ്, വെസ്റ്റ് ഗാലറികളിൽ ഇരുന്ന് മത്സരങ്ങൾ കാണാനുള്ള അവസരവും നൽകും. ഇതിനുപുറമെ, ആദ്യ ടീം പരിശീലന സെഷനുകൾ കാണാനുള്ള അവസരവുമുണ്ട്. മത്സര ദിവസങ്ങളിൽ സ്റ്റേഡിയത്തിലേക്ക് സൗകര്യപ്രദമായ പ്രവേശനത്തിനും പുറത്തുകടക്കലിനും സീസൺ ടിക്കറ്റ് ലഭിക്കും. കൂടാതെ, ലക്കി സീസൺ ടിക്കറ്റ് ഉടമകൾക്ക് കളിക്കാരെ നേരിട്ട് കാണാനും കളിക്കാർ ഒപ്പിട്ട ക്ലബിന്‍റെ ജേഴ്സികൾ സ്വന്തമാക്കാനും ടീമിനൊപ്പം ആവേശകരമായ മത്സരങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാകും.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജിന്റെ വാക്കുകൾ –

“എല്ലായ്‌പ്പോഴും ഞങ്ങളുടെ ആരാധകരിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സ്‌നേഹം അതിരില്ലാത്തതാണ്, ആരാധകരോടുള്ള ഞങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാനാണ് ഞങ്ങൾ സീസൺ ടിക്കറ്റുകൾ പോലെ ചെറിയ എന്തെങ്കിലും അവതരിപ്പിക്കുന്നത്. ഇതാദ്യമായി ഐഎസ്എൽ ഒൻപതാം സീസണിലാണ് സീസൺ ടിക്കറ്റുകൾ കൊണ്ടുവരുന്നത്. സീസൺ പാസ് ഉപയോഗിച്ച്, ഞങ്ങളുടെ ആരാധകർക്ക് ഒറ്റത്തവണ വാങ്ങലിലൂടെ എല്ലാ ഹോം മത്സരങ്ങളും കാണാൻ കഴിയും. മത്സര ദിവസത്തെ അനുഭവവും, ടിക്കറ്റ് വിലയും ഏറെ സൗകര്യപ്പെടുത്തുക എന്നതായിരുന്നു സീസൺ ടിക്കറ്റിലൂടെ ഞങ്ങളുടെ ലക്ഷ്യം. കൂടുതൽ അനുഭവ സമ്പന്നമായ ഓഫറുകളും ഫീച്ചറുകളും ഉപയോഗിച്ച് വരും വർഷങ്ങളിൽ ഞങ്ങളുടെ സീസൺ ടിക്കറ്റ് പ്രോഗ്രാം ഇനിയും വർധിപ്പിക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഴുവൻ മഞ്ഞപ്പടയെയും കലൂരിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. ഒക്‌ടോബർ 7ന് ബ്ലാസ്റ്റേഴ്‌സിനൊപ്പം നമുക്ക് ആരവുമയർത്താം, അഭിമാനിതരാകാം”