ആഭ്യന്തര ഹജജ് പാക്കേജിന്റെ നിരക്ക് കുറച്ചു
ജിദ്ദ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ നിരക്കിൽ മാറ്റം വരുത്തി. സൗദി ഹജ്ജ്- ഉംറ മന്ത്രാലയമാണ് നിരക്ക് കുറച്ചുകൊണ്ട് ഭേദഗതി വരുത്തിയത്. ആഭ്യന്തര തീർത്ഥാടകർക്കായി മൂന്ന് പാക്കേജുകൾ ഉണ്ട്. ഈ പാക്കേജുകളുടെയെല്ലാം വിലയിൽ കുറവുണ്ടാകും. ആദ്യ പാക്കേജിന് മുമ്പ് പ്രഖ്യാപിച്ച നിരക്കുകൾ ഇപ്പോൾ 10,238 റിയാലിനു പകരം 9098 റിയാലായി കുറച്ചിട്ടുണ്ട്.
പാക്കേജ് 2ന് 13,043 റിയാലിനു പകരം 11,970 റിയാലാണ് പുതിയ നിരക്ക്. മൂന്നാമത്തെ പാക്കേജിന് കുറഞ്ഞ വില 14,737 റിയാലിനു പകരം 13,943 റിയാൽ ആയിരിക്കും. തീർഥാടന നഗരത്തിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ ഫീസ് നിരക്കില്‍ ഉൾപ്പെടുന്നില്ലെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. മൂല്യ വർധിത നികുതിയും (വാറ്റ്) ഉൾപ്പെടുത്തിയിട്ടില്ല.
കുറഞ്ഞ നിരക്കിൽ ഹജ്ജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങൾക്കെതിരെ നേരത്തെ ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ആഭ്യന്തര തീർഥാടകരുടെ ഹജ്ജ് രജിസ്ട്രേഷൻ ജൂൺ 12 വരെയാണ്. ഇതിനുശേഷം തിരഞ്ഞെടുക്കപ്പെട്ടവരെ പ്രസിദ്ധീകരിക്കും.