Wednesday, January 22, 2025
LATEST NEWSSPORTS

പരിക്ക്; വാഷിങ്ടണ്‍ സുന്ദര്‍ സിംബാബ്‌വെ പര്യടനത്തില്‍ പങ്കെടുക്കില്ല

സിംബാബ്‌വെയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഓൾറൗണ്ടർ വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കി. പരിക്ക് കാരണം പരമ്പരയിലെ എല്ലാ മത്സരങ്ങളും താരത്തിന് നഷ്ടമാകും. ഇംഗ്ലണ്ടിൽ നടന്ന റോയൽ ലണ്ടൻ കപ്പിൽ കളിക്കുന്നതിനിടെയാണ് സുന്ദറിന്റെ തോളിന് പരിക്കേറ്റത്.

ലങ്കാഷെയറിനു വേണ്ടി കളിക്കുന്ന സുന്ദറിന് വോര്‍സെസ്റ്റര്‍ഷയറിനെതിരെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് സുന്ദർ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സ തേടും. സുന്ദറിന്‍റെ തോളിനേറ്റ പരിക്ക് ഇന്ത്യൻ ടീമിൽ സജീവമാകാനുള്ള മോഹങ്ങൾക്ക് കനത്ത പ്രഹരമാണ്.

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിൽ ഇടം നേടാനുള്ള മികച്ച അവസരമായിരുന്നു സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര. പതിവായി പരിക്കുകൾ അനുഭവിക്കുന്ന സുന്ദറിന് പലപ്പോഴും ടീമിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്.