Wednesday, January 22, 2025
LATEST NEWSSPORTS

ചെസ്സ് ഒളിമ്പ്യാഡിൽ ഇന്ത്യന്‍ കുതിപ്പിന് അര്‍ധവിരാമം

ചെന്നൈ: ചെസ്സ് ഒളിമ്പ്യാഡിൽ ഇന്ത്യയുടെ മുന്നേറ്റം താൽക്കാലികമായി നിലച്ചു. മൂന്നുറൗണ്ട് പിന്നിട്ടപ്പോള്‍ ലീഡ് ചെയ്യുന്നവരില്‍ ആറു മാച്ച് പോയന്റുമായി ഇന്ത്യയുടെ ആറു ടീമുകളുമുണ്ടായിരുന്നു. എന്നാൽ, തിങ്കളാഴ്ച നടന്ന നാലാം റൗണ്ടിൽ ഇന്ത്യൻ ടീമുകൾക്ക് ഭാഗിക തിരിച്ചടി നേരിട്ടു. ഓപ്പൺ വിഭാഗത്തിൽ രണ്ടാം സീഡായ ഇന്ത്യൻ ടീം 15-ാം സീഡായ ഫ്രാൻസുമായി 2-2ന് സമനിലയിൽ പിരിഞ്ഞു. ഹരികൃഷ്ണ, വിദിത് ഗുജറാത്തി, എരിഗൈസി, എസ്.എൽ.നാരായണൻ എന്നിവരുടെ കളികൾ സമനിലയിൽ അവസാനിച്ചു.

യുവരക്തം നിറഞ്ഞ ഇന്ത്യയുടെ രണ്ടാമത്തെ ടീം ഇറ്റലിയെ 3-1ന് തോൽപ്പിച്ച് ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. നിഹാൽ സരിൻ, ഗുകേഷ് എന്നിവർ വിജയിച്ചപ്പോൾ പ്രഗ്നാനന്ദയും റൗനക് സദ്വാനിയും മത്സരം സമനിലയിൽ പിരിഞ്ഞു.

ഇന്ത്യയുടെ മൂന്നാം ടീം സ്പെയിനിനോട് 1-3ന് തോറ്റു. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ഒന്നാം സീഡായ ടീം 2.5-1.5 എന്ന സ്കോറിനാണ് ഹംഗറിയെ തോൽപ്പിച്ചത്. കൊനേരു ഹംപി, ഹരിക ദ്രോണവല്ലി, വൈശാലി എന്നിവർ സമനിലയിൽ പിരിഞ്ഞപ്പോൾ ടാനിയ സച്ച്ദേവിന്‍റെ വിജയം ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചു. ഇന്ത്യയുടെ രണ്ടാം ടീം എസ്റ്റോണിയെ (.5-1.5) പരാജയപ്പെടുത്തി. വനിതകളുടെ മൂന്നാം ടീം കരുത്തരായ ജോർജിയയോട് 1-3ന് തോറ്റു.