ചരിത്രമെഴുതി ഇന്ത്യയുടെ അവിനാഷ് സാബ്ലെ; സ്റ്റീപ്പിൾ ചെയ്സിൽ വെള്ളി
ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ചരിത്രം രചിച്ചു. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളി മെഡൽ നേടി അവിനാഷ് ചരിത്രം കുറിച്ചു. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസ് സ്റ്റീപ്പിൾചേസിൽ ഇന്ത്യ മെഡൽ നേടുന്നത്. തലനാരിഴയ്ക്കാണ് താരത്തിന് സ്വർണ്ണ മെഡൽ നഷ്ടമായത്. ദേശീയ റെക്കോർഡോടെയാണ് വെള്ളി മെഡൽ നേടിയത്.
കരിയറിലെ ഏറ്റവും മികച്ച സമയത്തിനുള്ള വെള്ളി മെഡലാണ് 27 കാരനായ താരം സ്വന്തമാക്കിയത്. ഇത് ഒമ്പതാം തവണയാണ് അവിനാഷ് സ്വന്തം ദേശീയ റെക്കോർഡ് തകർക്കുന്നത്. എട്ട് മിനിറ്റ് 11.20 സെക്കൻഡിനുള്ളിൽ ഓട്ടം പൂർത്തിയാക്കിയ അദ്ദേഹം 0.05 സെക്കൻഡ് വ്യത്യാസത്തിൽ സ്വർണം നഷ്ടപ്പെടുത്തി. എട്ട് മിനിറ്റ് 11.15 സെക്കൻഡിലാണ് കെനിയയുടെ അബ്രഹാം കിബിവോറ്റ് സ്വർണം നേടിയത്.
1998 മുതൽ നടന്ന 10 കോമൺവെൽത്ത് ഗെയിംസിലും കെനിയൻ അത്ലറ്റുകൾ മാത്രമാണ് ഈ ഇനത്തിൽ മൂന്ന് മെഡലുകളും നേടിയിട്ടുള്ളത്. ഇത്തവണ ഇന്ത്യൻ താരം വെള്ളി നേടിയപ്പോൾ സ്വർണവും വെങ്കലവും കെനിയക്കാർ സ്വന്തമാക്കി. കെനിയൻ ആധിപത്യത്തെ തകർത്തതിനാൽ അവിനാഷിന്‍റെ നേട്ടത്തിന് മാറ്റ് കൂടുതലാണ്.