Friday, November 15, 2024
LATEST NEWSSPORTS

ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ലഭിക്കാൻ സാധ്യത

ഇന്ത്യൻ ഫുട്ബോളിന് ഫിഫയുടെ വിലക്ക് ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇന്ത്യൻ ഫുട്ബോളിന്‍റെ വിലക്ക് ഒഴിവാക്കാനുള്ള മാർഗം എ.ഐ.എഫ്.എഫിന്‍റെ ഭരണഘടനാ കരട് എത്രയും വേഗം സുപ്രീം കോടതിയിൽ സമർപ്പിക്കുകയും തുടർന്ന്, അനുമതി വാങ്ങി പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും, പുതിയ എ.ഐ.എഫ്.എഫ് കമ്മിറ്റിയെ നിയോഗിക്കുകയുമായിരുന്നു. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണ സമിതിയാണ് കരട് തയ്യാറാക്കിയതെങ്കിലും നിരവധി സംസ്ഥാന ഫുട്ബോൾ അസോസിയേഷനുകളിൽ നിന്ന് എതിർപ്പ് നേരിടേണ്ടിവന്നു.

എ.ഐ.എഫ്.എഫിന്‍റെ വിപണന പങ്കാളിയായ എഫ്.എസ്.ഡി.എല്ലും കരടിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇവരുമായി ഉണ്ടാക്കിയ കരാറുകളുടെ ലംഘനമാണ് പുതിയ കരട് എന്ന് എഫ്എസ്ഡിഎൽ പറയുന്നു. ഐഎസ്എല്ലിനെ ആദ്യ ലീഗാക്കി മാറ്റുമെന്നായിരുന്നു എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള ധാരണ. എന്നിരുന്നാലും, അഡ്ഹോക്ക് ഭരണസമിതി തയ്യാറാക്കിയ കരടിൽ, ഐ-ലീഗ് ഒന്നാം ഡിവിഷനാണെന്നും അത് തുടരണമെന്നും പറയുന്നു. ഇക്കാരണത്താലാണ് എഫ്എസ്ഡിഎൽ ഈ കരടിനെതിരെ രംഗത്തുവന്നത്.

പ്രശ്നങ്ങൾ വഷളായതാണ് ഫിഫ ഇന്ത്യയ്ക്കെതിരെ നടപടി എടുക്കാൻ കാരണം. വിലക്ക് വന്നാൽ അത് ഇന്ത്യൻ ഫുട്ബോളിന് വലിയ തിരിച്ചടിയാകും.