കടലിനടിയിലും ഉയര്‍ന്ന് ഇന്ത്യന്‍ പതാക; അഭിമാനമായി അരവിന്ദ് തരുണ്‍
ഇന്ത്യയുടെ 75-ാം സ്വാതന്ത്രദിനത്തിനു കൂടുതൽ മാറ്റായി കടലില്‍ 75 അടി താഴ്ചയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രശസ്ത സ്‌ക്യൂബാ ഡൈവറായ അരവിന്ദ് തരുണ്‍ ശ്രീ. പതിനാറു വർഷമായി ‘അണ്ടര്‍ വാട്ടര്‍ ഫ്‌ലാഗ് ഹോയ്‌സറ്റിംഗ്’ നടത്തിവരികയാണ് അരവിന്ദ്. കഴിഞ്ഞ വര്‍ഷം കടലില്‍ 60 അടിയില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് അരവിന്ദ് സ്വതന്ത്ര ദിനം ആഘോഷിച്ചത്. ഈ വര്‍ഷം അത് 75 അടിയാക്കി. ജന്മസ്ഥലമായ ചെന്നൈയിലാണ് ഈ പ്രശസ്ത സ്‌ക്യൂബാ ഡൈവറുടെ കടലിനടിയിലെ സാഹസികത.
ടെംപിള്‍ അഡ്വഞ്ചര്‍ എന്ന സ്ക്യൂബാ ട്രെയിനിങ് സെന്റര്‍ വഴി ഒരുപാട് പേര്‍ക്ക് സ്‌ക്യൂബാ ഡൈവിഗില്‍ പരിശീലനം നല്കുന്നതിനോടൊപ്പം വിവിധ രീതിയിലുള്ള, കൗതുകമാര്‍ന്ന ആഘോഷങ്ങളും കടലിനടിയില്‍ അരവിന്ദും സംഘവും നടത്താറുണ്ട്. ഇന്ത്യയിലെ ആദ്യ അണ്ടര്‍വാട്ടര്‍ മാരേജ് നടന്നത് അരവിന്ദിന്റേയും സ്‌ക്യൂബാ ഡൈവിങ് സംഘത്തിന്റെയും നേതൃത്വത്തിലാണ്, അതും വളരെ പാരമ്പരാഗതമായും ചടങ്ങുകള്‍ ഒന്നും തെറ്റിക്കാതെയുമാണ് വിവാഹം നടത്തിയത്. അണ്‍ര്‍വാട്ടര്‍ ഫൈറ്റിംഗ്, അണ്ടര്‍വാട്ടര്‍ ഒളിംപിക്‌സ്, അണ്ടര്‍വാട്ടര്‍ എക്‌സസൈസ് എന്നിങ്ങനെ വൈവിധ്യമാർന്ന വെള്ളത്തിടയിലെ സാഹസിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രശസ്തമാണ് ചെന്നൈയിലുള്ള ടെംപിള്‍ അഡ്വഞ്ചര്‍ എന്ന അരവിന്ദിന്റെ സ്‌ക്യൂബാ ട്രെയിനിങ് സെന്റർ.
ചെന്നൈയിലും പുതുച്ചേരിയിലും ഡൈവിംഗ് പരിശീലന കേന്ദ്രങ്ങൾ നടത്തുന്ന അരവിന്ദ് 20 വർഷത്തിലേറെയായി ഈ രംഗത്തുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അരവിന്ദും സംഘവും ചെസ്സ് ഒളിമ്പ്യാഡിന്‍റെ ഭാഗമായി മഹാബലിപുരത്ത് കടലിൽ 60 അടി താഴ്ചയിൽ ചെസ്സ് കളിച്ചിരുന്നു. കടലിനടിയിലെ ഗെയിമിനായി, വെള്ളത്തിൽ പൊങ്ങിപ്പോകാത്ത പ്രത്യേക തരം ചെസ്സ് ബോർഡുകളും കരുക്കളും ഉണ്ടായിരുന്നു. സ്കൂബ ഡൈവിംഗ് വസ്ത്രത്തിന് പകരം മുണ്ടും വേഷ്ടിയും ധരിച്ചിരുന്ന അരവിന്ദ് ചെസ്സ് ഒളിമ്പ്യാഡിലെ ഭാഗ്യചിഹ്നമായ തമ്പിയുടെ മുഖംമൂടി ധരിച്ചാണ് കടലിനടിയിലേക്ക് ഇറങ്ങിയത്. വെള്ളത്തിനടിയിലെ എല്ലാ പരീക്ഷണങ്ങളിലും അദ്ദേഹത്തിന്‍റെ കുടുംബവും ഒപ്പം ചേരാറുണ്ട്. തന്റെ മകളെയും സ്‌ക്യൂബാ പരിശീലിപ്പിച്ച് വഴികാട്ടുകയാണ് ഈ സ്‌ക്യൂബാ ഡൈവര്‍.