6ജിയില്‍ ഇന്ത്യ മുൻനിരയിലായിരിക്കും; കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്
ഡൽഹി: 6ജിയുടെ കാര്യത്തിൽ ഇന്ത്യ മുൻപന്തിയിലുണ്ടാകുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. 6ജി വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകൾ ഇന്ത്യൻ ഡെവലപ്പർമാരുടെ പക്കൽ ലഭ്യമാണ് എന്നതാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ഹൈദരാബാദ് ഐഐടി ബൂത്ത് സന്ദർശിച്ച ശേഷം ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5ജിയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ നെറ്റ്‌വർക്ക് വേഗത കൈവരിക്കാൻ കഴിയുന്ന 6 ജി ടെക്നോളജി പ്രോട്ടോടൈപ്പുകൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രദർശിപ്പിച്ചു. ഈ പ്രോട്ടോടൈപ്പുകൾ 5 ജിയേക്കാൾ 2-3 മടങ്ങ് കൂടുതൽ സ്പെക്ട്രൽ കാര്യക്ഷമത കൈവരിക്കുമെന്ന് ഐഐടി അവകാശപ്പെടുന്നു.
ടെലികോം ലോകത്തെ 5 ജിയിൽ നിന്ന് 6 ജിയിലേക്ക് കൊണ്ടുപോകാൻ വികസിപ്പിച്ചെടുത്ത പല സാങ്കേതിക വികസനങ്ങളും ഇതിനകം സംഭവിച്ചിട്ടുണ്ട്. ഇന്ത്യൻ ഡെവലപ്പർമാർക്ക് ഇതിൽ പല സാങ്കേതിക കണ്ടെത്തലുകളുടെയും പേറ്റന്‍റുകൾ ലഭ്യമാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.