Thursday, January 23, 2025
LATEST NEWSSPORTS

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിനം ഇന്ന്

ട്രിനിഡാഡ്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് നടക്കും. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇന്ന് പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. മറുവശത്ത്, വെസ്റ്റ് ഇൻഡീസ് ഒരു കളിയെങ്കിലും ജയിക്കാൻ ലക്ഷ്യമിടും.
രണ്ട് മത്സരങ്ങളും ആവേശകരമായിരുന്നു. രണ്ട് മത്സരങ്ങളും അവസാന ഓവർ വരെ നീണ്ടുനിന്നു. ആദ്യ മത്സരത്തിൽ 3 റൺസിനും രണ്ടാം മത്സരത്തിൽ 2 വിക്കറ്റിനുമാണ് ഇന്ത്യ ജയിച്ചത്. ആദ്യ കളിയിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്‍റെ സേവ് നിർണായകമായിരുന്നു, രണ്ടാം മത്സരത്തിൽ താരം ഏകദിന കരിയറിലെ ആദ്യ ഫിഫ്റ്റി നേടി. യുവതാരം ശുഭ്മാൻ ഗിൽ ഏകദിനത്തിൽ ഓപ്പണിംഗ് ഇലവനിൽ എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യഥാക്രമം 64ഉം 43ഉം റൺസാണ് ഗില്ലിന്‍റെ സമ്പാദ്യം. അതും 100ന് മുകളിൽ സ്ട്രൈക്ക് റേറ്റ്. ഷോർട്ട് ബോളുകളിലെ ബലഹീനതകൾക്കിടയിലും ശ്രേയസ് അയ്യർ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പരമ്പരയിൽ ശ്രേയസ് 54 ഉം 63 ഉം റൺസ് നേടി. ധവാൻ ഒരു കളിയിൽ തിളങ്ങിയപ്പോൾ അക്ഷർ പട്ടേൽ രണ്ടാം മത്സരത്തിൽ മാച്ച് വിന്നിങ് ഇന്നിങ്സ് കളിച്ചു. മലയാളി താരം സഞ്ജുവും ആ കളിയിൽ തിളങ്ങി. ദീപക് ഹൂഡയും കുറ്റമറ്റ പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യൻ ബാറ്റിങ് നിരയിൽ നിരാശപ്പെടുത്തിയ ഏക താരം സൂര്യകുമാർ യാദവാണ്. 13ഉം 9ഉം റൺസാണ് സൂര്യയുടെ സമ്പാദ്യം.

സീനിയർ പേസർമാരുടെ അഭാവത്തിൽ മുഹമ്മദ് സിറാജ് ബൗളിംഗ് യൂണിറ്റിനെ നന്നായി നയിക്കുന്നു. ആദ്യ കളിയിലെ അവസാന ഓവർ ഉൾപ്പെടെ നിർണായക പ്രകടനമാണ് സിറാജ് പുറത്തെടുത്തത്. ശർദ്ദുൽ ഠാക്കൂറും യുസ്വേന്ദ്ര ചാഹലുമാണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്.