Friday, January 17, 2025
LATEST NEWSSPORTS

ഇന്ത്യ – വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് തോല്‍വി

ബാസെറ്റര്‍: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ഇന്ത്യ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ 138 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ വെസ്റ്റ് ഇൻഡീസിന് ജയിക്കാൻ 10 റൺസാണ് വേണ്ടിയിരുന്നത്. ഒഡിയൻ സ്മിത്തും ഡെവോൺ തോമസുമാണ് ക്രീസിലുണ്ടായിരുന്നത്. ആദ്യ പന്ത് ഒരു നോ ബോളായിരുന്നു.
ഇതിൽ ഒരു റൺസ് ഓടിയെടുത്തു. അടുത്ത പന്തിൽ ആവേശ് ഖാനെ സിക്സർ പറത്തി ഡെവൺ തോമസ്. അടുത്ത പന്തിൽ ഒരു ഫോറടിച്ചാണ് തോമസ് വിൻഡീസിന് വിജയം സമ്മാനിച്ചത്. ഡെവോൺ തോമസ് (19 പന്തിൽ 31), ബ്രൺഡൻ കിംഗ് (52 പന്തിൽ 68) എന്നിവരാണ് വിൻഡീസിന്‍റെ ടോപ് സ്കോറർമാർ.

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ഒബെഡ് മക്കോയ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. മത്സരത്തിന്‍റെ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ഹർദിക് പാൺഡ്യ 31 റൺസും രവീന്ദ്ര ജഡേജ 27 റൺസും നേടി. സഞ്ജു സാംസൺ ഇത്തവണയും സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിച്ചില്ല.

സെന്‍റ് കിറ്റ്സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം തിങ്കളാഴ്ച രാത്രി 11 മണിക്കാണ് (ഇന്ത്യൻ സമയം) ആരംഭിച്ചത്. ആദ്യ മത്സരം നടന്ന ട്രിനിഡാഡിൽ നിന്നുള്ള ടീം കിറ്റുകൾ വരാൻ വൈകിയതാണ് കാരണം.