Sunday, December 22, 2024
LATEST NEWSSPORTS

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ടിക്കറ്റുവിൽപ്പന; സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റുവിൽപ്പന ഇന്ന് തുടങ്ങും. വൈകീട്ട് 6.30ന് തിരുവനന്തപുരം താജ് വിവാന്തയിൽ നടനും എം.പിയുമായ സുരേഷ് ഗോപി ടിക്കറ്റുവിൽപ്പന ഉദ്ഘാടനം ചെയ്യും.

കെ.സി.എ പ്രസിഡന്‍റ് സാജൻ കെ.വർഗീസ് അധ്യക്ഷത വഹിക്കും. പന്ന്യൻ രവീന്ദ്രൻ ടി20 മത്സരത്തിന്‍റെ ടീസർ വീഡിയോയുടെ പ്രകാശനം നിർവഹിക്കും. ഇന്ത്യ എ ടീം ക്യാപ്റ്റൻ സഞ്ജു സാംസണെ ചടങ്ങിൽ ആദരിക്കും.

മത്സരത്തിന്റെ ബാങ്കിങ് പാർട്ണറായ ഫെഡറൽബാങ്കുമായും ടിക്കറ്റിങ് പാർട്ണറായ പേടിഎം ഇൻസൈഡറുമായും മെഡിക്കൽ പാർട്ണറായ അനന്തപുരി ഹോസ്പിറ്റലുമായും ധാരണാപത്രം കൈമാറും. ബി.സി.സി.ഐ. ജോയന്റ് സെക്രട്ടറി ജയേഷ് ജോർജ്, കെ.സി.എ. സെക്രട്ടറി ശ്രീജിത്ത് വി. നായർ, ജോയന്റ് സെക്രട്ടറി രജിത് രാജേന്ദ്രൻ, ടി 20 മത്സരത്തിന്റെ ജനറൽ കൺവീനർ വിനോദ് എസ്‌. കുമാർ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 7.30 മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് നിരക്ക് ഉടന്‍ പ്രഖ്യാപിക്കും.