Friday, November 15, 2024
GULFLATEST NEWS

ഇന്ത്യ-യുഎഇ വ്യാപാര കരാറിൽ കേരളത്തിനും നേട്ടം

ന്യൂഡൽഹി : ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ നേട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി മെയ് മാസത്തിലാണ് പ്രാബല്യത്തിൽ വന്നത്.
മെയ്-ജൂൺ മാസങ്ങളിൽ തന്നെ സംസ്ഥാനത്തെ വിവിധ വ്യാവസായിക മേഖലകളിൽ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതി ഓർഡറുകളിൽ ഫലം കണ്ടുതുടങ്ങി. കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതി അടുത്ത ആറ് മാസത്തിനുള്ളിൽ ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വതന്ത്ര വ്യാപാരം യാഥാർത്ഥ്യമാകുന്നതോടെ സ്വർണം ഉൾപ്പെടെ ഇന്ത്യയിലെ 80 ശതമാനം ഉൽപ്പന്നങ്ങളുടെയും നികുതി നിരക്ക് 5 ശതമാനത്തിൽ നിന്ന് പൂജ്യം ശതമാനമായി കുറയും. ഇതിന്റെ ഫലമായി സംസ്ഥാനത്തെ വിവിധ വ്യാവസായിക മേഖലകളിലെ കയറ്റുമതി നടപ്പു സാമ്പത്തിക വർഷത്തിൽ ശരാശരി 10-30 ശതമാനം വരെ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കറി പൗഡറുകൾക്കുള്ള ഓർഡറുകളിൽ ഉൾപ്പെടെ മെയ്, ജൂൺ മാസങ്ങളിൽ പോസിറ്റീവ് പ്രവണതയുണ്ട്.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് കയറ്റുമതിക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സുമായി (ഫിക്കി) സഹകരിച്ച് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഔട്ട്റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഡിജിഎഫ്ടി അറിയിച്ചു.