Sunday, December 22, 2024
LATEST NEWS

ചൈനയിൽ നിന്ന് വ്യവസായങ്ങളെ ആകർഷിക്കാൻ ഇന്ത്യ; 1.2 ട്രില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി

ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാലതാമസവും അധിക ചെലവുകളും ഒഴിവാക്കാൻ ബൃഹത്തായ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിനുവേണ്ടി പിഎം ഗതി ശക്തിയുടെ ഭാഗമായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയാറാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ചൈനയിൽ നിന്ന് വ്യവസായങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. 1.2 ട്രില്യൺ ഡോളറിന്‍റെ ബൃഹത്തായ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതികളുടെ രൂപകൽപ്പന, തടസ്സമില്ലാത്ത അംഗീകാരങ്ങൾ, ചെലവ് കുറയ്ക്കൽ എന്നിവയ്ക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തും. ഇത് നിക്ഷേപകർക്കും കമ്പനികൾക്കും വലിയ സഹായകമാകുമെന്നാണ് പ്രതീക്ഷ.

‘സമയവും പണവും നഷ്ടപ്പെടുന്നത് ഒഴിവാക്കി പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കുകയാണ് ലക്ഷ്യം. ആഗോള കമ്പനികൾ ഇന്ത്യയെ ഒരു ഉൽപ്പാദന കേന്ദ്രമായി തിരഞ്ഞെടുക്കണം’, വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ലോജിസ്റ്റിക്സ് സ്പെഷ്യൽ സെക്രട്ടറി അമൃത് ലാൽ മീണ പറഞ്ഞു. പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകുമെന്നും ചൈനയിൽ നിന്നുള്ള കമ്പനികൾ ഇവിടേക്ക് വരുമെന്നാണ് കണക്കുകൂട്ടൽ.