ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി റഷ്യ
ദില്ലി: ഇറാഖ് കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്ന്. സൗദി അറേബ്യയെ പിന്തള്ളിയാണ് റഷ്യ ഈ സ്ഥാനത്തെത്തിയത്. ഉക്രൈൻ യുദ്ധത്തിനുശേഷം ക്രൂഡ് ഓയിൽ വിലയിൽ റഷ്യ പ്രഖ്യാപിച്ച വൻ വിലക്കുറവ് ഇന്ത്യ പ്രയോജനപ്പെടുത്തിയതോടെയാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ വർദ്ധനവുണ്ടായത്. മെയ് മാസത്തിൽ 25 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയത്.
ഇത് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 16 ശതമാനമാണ്. 2021 ലും 2022 ന്റെ ആദ്യ പാദത്തിലും ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയിൽ നിന്ന് ലഭിച്ചത്. ഏപ്രിലിൽ ഇത് 5 ശതമാനം വർ ദ്ധിച്ചു. ഇതിന് പിന്നാലെയാണ് മെയ് മാസത്തിൽ മറ്റൊരു വർദ്ധനവുണ്ടായതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള വിമർശനങ്ങളെ ലോക വേദിയിൽ നിരവധി തവണ ഇന്ത്യ ഇതിനകം പ്രതിരോധിച്ചിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം എണ്ണ ആവശ്യകതയുടെ ഒരു ചെറിയ ശതമാനം മാത്രമാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.