Sunday, December 22, 2024
LATEST NEWSSPORTS

സിംബാബ്‌വെക്കെതിരായ പരമ്പര, ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിഖർ ധവാനാണ് ടീമിന്‍റെ ക്യാപ്റ്റൻ. സ്പിന്നർ വാഷിങ്ടൺ സുന്ദറും പേസർ ദീപക് ചഹറും ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രാഹുൽ ത്രിപാഠിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ പര്യടനത്തിൽ കളിക്കുക.

വിരാട് കോഹ്ലി ടീമിലില്ല. ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്താൻ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ കോഹ്ലിയെ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ കോഹ്ലിയുടെ തിരിച്ചുവരവ് ഏഷ്യാ കപ്പിലായിരിക്കുമെന്ന് ഉറപ്പായി.

വാഷിംഗ്ടൺ സുന്ദറും പേസർ ദീപക് ചഹറും പരിക്കിനെ തുടർന്ന് ദീർഘകാലമായി ടീമിന് പുറത്താണ്. കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനം തുടരുന്ന സമയത്താണ് സുന്ദറിന്‍റെ ഇന്ത്യൻ ടീമിലേക്കുള്ള ക്ഷണം. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ എന്നിവരും ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.