Friday, January 17, 2025
LATEST NEWS

ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്;ഡിഎച്ച്എഫ്എല്‍ ഡയറക്ടർമാർക്കെതിരേ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. 17 ബാങ്കുകളിൽ നിന്നായി 34,615 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (ഡിഎച്ച്എഫ്എൽ) ഡയറക്ടർമാരായ കപിൽ വധാവൻ, ധീരജ് വധാവൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള ഭവനവായ്പ കമ്പനിയാണ് ഡിഎച്ച്എഫ്എൽ.

രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകൾ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 2022 ഫെബ്രുവരിയിൽ സിബിഐക്ക് പരാതി നൽകിയിരുന്നു. 17 ബാങ്കുകളുടെ കൺസോർഷ്യം 42,871.42 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി നൽകിയത്.

രേഖകളിൽ തിരിമറി നടത്തിയെന്നും ബാങ്കുകളുടെ കുടിശ്ശിക തിരിച്ചടവിൽ വീഴ്ച വരുത്തിയെന്നും ബാങ്കുകൾക്ക് 34,615 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും സിബിഐയുടെ എഫ്ഐആറിൽ പറയുന്നു. 9,898 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത്. കാനറാ ബാങ്ക് (4,022 കോടി), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) (3,802 കോടി രൂപ) എന്നിവയും തട്ടിപ്പിനിരയായ 17 ബാങ്കുകളിൽ ഉൾപ്പെടുന്നു.