ലോർഡ്സിൽ ഇന്ത്യ വീണു ; ഇംഗ്ലണ്ടിന് നൂറുമേനി വിജയം
ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ 100 റൺസിന് ഇന്ത്യ പരാജയപ്പെട്ടു. 247 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 38.5 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്തായി. ജയത്തോടെ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പമെത്തി .
ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തിരഞ്ഞെടുത്തെങ്കിലും ലോർഡ്സിലെ ആദ്യ ഏകദിനം പോലെയായിരുന്നില്ല അത്. ജേസൺ റോയിയും ബെയർസ്റ്റോയും ചേർന്ന് ഒന്നാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്തു. ഹാർദിക് പാണ്ഡ്യയാണ് ജേസൺ റോയിയെ മടക്കി അയച്ചത്. പിന്നെ തുടർച്ചയായി വിക്കറ്റുകൾ. ഇംഗ്ലണ്ട് 41ന് 1 എന്ന നിലയിൽ നിന്ന് 102ന് 5 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്റ്റോക്സ് എന്നിവർക്ക് ചാഹൽ പുറത്തേക്കുളള വഴി കാണിച്ചു കൊടുത്തു. ക്യാപ്റ്റൻ ജോസ് ബട്ലറുടെ ആയുസ്സ് വെറും അഞ്ച് പന്ത് മാത്രമായിരുന്നു. നാല് റൺസെടുത്ത ബട്ലറെ ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി.
എന്നാൽ ലിയാം ലിവിങ്സ്റ്റൺ-അലി കോമ്പിനേഷനും അലി-വില്ലി കോമ്പിനേഷനും ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. ലിവിങ്സ്റ്റൺ പതിവുപോലെ കളിച്ചതോടെ ഇംഗ്ലണ്ടിന്‍റെ സ്കോർ ചലിക്കാൻ തുടങ്ങി. എന്നാൽ ലിവിങ്സ്റ്റൺ 33ൽ നിൽക്കെ പാണ്ഡ്യ തിരിച്ചെത്തി.ലിവിങ്സ്റ്റണെ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഇന്ത്യക്ക് ആറാം വിക്കറ്റ് സമ്മാനിച്ചു. മുഈൻ അലിയും വില്ലിയും ചേർന്നാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. എന്നാൽ അർധസെഞ്ചുറിക്ക് മൂന്ന് റൺസ് മാത്രം ബാക്കി നിൽക്കെയാണ് അലി പുറത്തായത്. ചാഹലാണ് അലിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത്. അവസാനം ഡേവിഡ് വില്ലി ശ്രമിച്ചെങ്കിലും ബുംറ അയ്യരുടെ കൈകളിലെത്തി. വാലറ്റത്ത് കാര്യമായ സംഭാവനകളൊന്നുമില്ലാതെ ഇംഗ്ലണ്ട് 246 റൺസിൽ ഒതുങ്ങി. ചാഹലിനെക്കൂടാതെ ബുംറയും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.