ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് മിന്നും ജയം
സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് ജയം. ഹാർദിക് പാണ്ഡ്യ ഓൾറൗണ്ട് പ്രകടനങ്ങളും കാഴ്ചവച്ചു. സതാംപ്ടണിൽ നടന്ന മത്സരത്തിൽ ഇന്ത്യ 50 റൺസിന് വിജയിച്ചു. അർധസെഞ്ചുറിയും നാലു വിക്കറ്റുകളും നേടിയ പാണ്ഡ്യ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സ്കോർ ചുരുക്കത്തിൽ: ഇന്ത്യ 198/8, ഇംഗ്ലണ്ട് 148/10
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. പാണ്ഡ്യ (51), സൂര്യകുമാര്യാദവ് (39), ദീപക് ഹൂഡ (33) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. ക്യാപ്റ്റൻ രോഹിത് ശർമ 24 റൺസ് എടുത്തു. ഇംഗ്ലണ്ടിനായി മോയിൻ അലിയും ക്രിസ് ജോർദാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കം മുതൽ തന്നെ ഇന്ത്യക്ക് തടയിടാൻ സാധിച്ചു. ഡേവിഡ് മലാനെയും ലിയാം ലിവിങ്സ്റ്റണിനെയും ആദ്യ ഓവറിൽ തന്നെ പാണ്ഡ്യ മടക്കി അയച്ചു. രണ്ടാം ഓവറിൽ ജേസൺ റോയിയെയും പാണ്ഡ്യ പുറത്താക്കി. അഞ്ചാം വിക്കറ്റിൽ ഹാരി ബ്രൂക്കും മോയിൻ അലിയും ചേർന്ന് 61 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ, യുസ്വേന്ദ്ര ചാഹൽ ആ പ്രതീക്ഷ തകർത്ത് ഇരുവരെയും ഒരോവറിൽ മടക്കി അയച്ചു.