Friday, January 17, 2025
GULFLATEST NEWS

11 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ സൗദി പൗരന്മാർക്ക് വിലക്ക് തുടരും

സൗദി: 11 വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് സൗദി പൗരൻമാർക്കുള്ള വിലക്ക് തുടരുമെന്ന് സൗദി പാസ്പോർട്ട് വകുപ്പ് അറിയിച്ചു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം. കോവിഡ് വ്യാപനത്തെ തുടർന്ന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയ 16 രാജ്യങ്ങളിൽ അഞ്ച് രാജ്യങ്ങളിലെ വിലക്കാണ് പിൻവലിച്ചത്.

വിലക്കേര്‍പ്പെടുത്തിയിട്ടുള്ള 11 രാജ്യങ്ങളിൽ അഞ്ചെണ്ണം അറബ് രാജ്യങ്ങളാണ്. ലെബനൻ, സിറിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ, കോംഗോ, സൊമാലിയ, യമൻ എന്നിവയുള്‍പ്പെടെയാണ് വിലക്കുള്ള രാജ്യങ്ങള്‍. കോവിഡ് -19 പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷം മുമ്പ് സൗദി പൗരൻമാർക്ക് ഈ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു.

ആകെ 16 രാജ്യങ്ങൾ സന്ദര്‍ശിക്കുന്നതിനാണ് വിലക്കുണ്ടായിരുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, തുർക്കി, എത്യോപ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്ക് നിലവിൽ വിലക്കില്ല. ഈ രാജ്യങ്ങൾ സന്ദർശിക്കാൻ, കോവിഡ് -19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസത്തിന് ശേഷം സൗദി പൗരൻമാർ ബൂസ്റ്റർ ഡോസ് എടുക്കണം. അറബ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരൻമാർക്ക് കുറഞ്ഞത് മൂന്ന് മാസവും മറ്റ് രാജ്യങ്ങൾ സന്ദർശിക്കുന്നതിന് കുറഞ്ഞത് ആറ് മാസവും പാസ്പോർട്ടിൽ ഉണ്ടായിരിക്കണം.