Wednesday, January 22, 2025
GULFLATEST NEWSNational

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു

അബുദാബി: മധ്യവേനലവധി അവധിക്കായി യുഎഇയിലെ സ്കൂളുകൾ, ഈ മാസം അവസാനം അടക്കാനിരിക്കെ,ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ, ചില എയർലൈനുകൾ ഓഫറിൽ കൊടുത്തിരുന്ന ടിക്കറ്റ് ഇപ്പോൾ 1,500 ദിർഹത്തിലേക്ക് വർദ്ധിച്ചു. ബുക്ക് ചെയ്യാൻ വൈകുന്തോറും നിരക്ക് കൂടുന്നതയാണ് കാണുന്നത്.

നേരിയ ഏറ്റക്കുറച്ചിലുകൾക്കിടയിലും നിരക്ക് വർദ്ധിപ്പിക്കുന്നതിൽ പ്രാദേശിക, വിദേശ എയർലൈനുകൾ ഒന്നിക്കുന്നു. കൊവിഡ് മൂലം വർഷങ്ങളായി കുടുംബസമേതം നാട്ടിലേക്ക് പോകാൻ കഴിയാത്ത പ്രവാസികൾക്ക് ടിക്കറ്റ് നിരക്ക് വർദ്ധനവ് തിരിച്ചടിയായി. ഇതുകാരണം പല കുടുംബങ്ങൾക്കും ഇത്തവണയും നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നില്ല.

അവധി ലഭിച്ചിട്ടും യുഎഇയിൽ തുടരേണ്ടിവരുമോ എന്ന ആശങ്കയിലാണ് പ്രവാസി കുടുംബങ്ങൾ. താങ്ങാനാവുന്ന നിരക്കിൽ നാട്ടിലേക്ക് പോകാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നാണ് സാധാരണ പ്രവാസികളുടെ ആവശ്യം. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തണം.