യു.എ.ഇയിൽ കോവിഡ് രോഗികൾ ഉയരുന്നു
ദുബായ്: ഒരിടവേളയ്ക്ക് ശേഷം യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 1,000 കടന്നു. ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 1,031 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 14ന് ശേഷം ഇതാദ്യമായാണ് യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. ചികിത്സയിലായിരുന്ന 712 കൊവിഡ് രോഗികൾ രോഗമുക്തി നേടി.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചെങ്കിലും രാജ്യത്ത് മരണസംഖ്യ താഴ്ന്ന നിലയിൽ തുടരുന്നത് ആശ്വാസകരമാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2,86,851 പുതിയ കോവിഡ് പരിശോധനകളിൽ നിന്നാണ് രാജ്യത്ത് പുതിയ കേസുകൾ കണ്ടെത്തിയത്. ഇതുവരെ 913,984 പേർക്കാണ് യുഎഇയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 8,96,448 പേർ ഇതിനകം രോഗമുക്തി നേടി. 2,305 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
നിലവിൽ 15,231 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള നിബന്ധനകൾ വിമാനക്കമ്പനികൾ ഒരിക്കൽ കൂടി ഓർമിപ്പിച്ചു.