Sunday, December 22, 2024
HEALTHLATEST NEWS

രാജ്യത്ത് ഇന്ന് പുതിയ 12,213 കൊവിഡ് കേസുകൾ

ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനമാണ്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 10,000 കടക്കുന്നത്.

നിലവിൽ രാജ്യത്തെ കോവിഡ്-19 രോഗികളുടെ എണ്ണം 58,215 ആണ്. രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.13 ശതമാനമാണിത്. ദേശീയ രോഗമുക്തി നിരക്ക് 98.66 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,624 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,74,712 ആയി. 11 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് മരണങ്ങൾ കേരളത്തിൽ നിന്നാണ്. മഹാരാഷ്ട്രയിൽ രണ്ട് മരണങ്ങളും കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു.

ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 7.01 ശതമാനമായി ഉയർന്നു. രാജ്യതലസ്ഥാനത്ത് ബുധനാഴ്ച 1,375 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ രണ്ടാം ദിവസമാണ് ഡൽഹിയിൽ പ്രതിദിനം 1,100 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.