Sunday, December 22, 2024
HEALTHLATEST NEWS

രാജ്യത്ത് പുതിയതായി 7,584 കോവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകൾ കുത്തനെ ഉയരുകയാണ്. 24 പുതിയ മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,747 ആയി.

മഹാരാഷ്ട്രയിൽ മാത്രം 2,813 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 2,193 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഈ രണ്ട് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാമാരിയുടെ തുടക്കം മുതൽ മഹാരാഷ്ട്രയിൽ 79 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇത് 65 ലക്ഷമാണ്. കർണാടകയിൽ 471 പുതിയ കേസുകളും ഡൽഹിയിൽ 622 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 4,32,05,106 ആണ്. അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്.

നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.26 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,791 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,26,44,092 ആയി. രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക് 98.71 ശതമാനമാണ്. ഇന്നലെ രജിസ്റ്റർ ചെയ്ത സജീവ കേസുകൾ 32,498 ആണ്. ഇന്ന് ഇത് 36,267 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം ജൂൺ 9 വരെ 85,41,98,288 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 3,35,050 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്.