ദുബായിൽ പുതിയ ഗ്രന്ഥശാല; 10 ലക്ഷത്തിൽ അധികം പുസ്തകങ്ങൾ
ദുബായ് : 10 ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ഒരു വലിയ ഗ്രന്ഥശാല ദുബായിൽ തുറന്നു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ലൈബ്രറിയുടെ നിർമ്മാണത്തിനായി 100 കോടി ദിർഹം ചെലവഴിച്ചു.
ലൈബ്രറിയിൽ പുസ്തകങ്ങളും ലക്ഷക്കണക്കിനു ഗവേഷണ പ്രബന്ധങ്ങളും അടങ്ങിയിരിക്കുന്നു. “ഇസ്ലാമിക വിശ്വാസങ്ങൾ അനുസരിച്ച്, ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറക്കിയ ആദ്യത്തെ വാക്ക് ‘ഇഖ്റ’ ആയിരുന്നുവെന്നും സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്ക് അറിവ് അനിവാര്യമാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനത്തിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ഏഴ് നിലകളിലായി നിർമ്മിച്ച ലൈബ്രറി ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ദുബായ് ജഡാഫ് പ്രദേശത്തെ ക്രീക്കിന് സമീപമാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.