മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ വിൽപ്പനയ്ക്കു മുൻപ് റജിസ്റ്റർ ചെയ്യണം; നിർബന്ധമാക്കി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് വിൽപ്പനയ്ക്ക് മുമ്പ്, എല്ലാ മൊബൈൽ ഫോണുകളുടെയും ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പർ റജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കി കേന്ദ്രം. അടുത്ത വർഷം ജനുവരി 1 മുതൽ ഇത് നടപ്പാക്കും. സെപ്റ്റംബർ 26നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇന്ത്യയിൽ നിർമ്മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ എല്ലാ മൊബൈൽ ഫോണുകളും ഇത് ബാധകമാണെന്നും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ളഇന്ത്യൻ കൗണ്ടർഫീറ്റഡ് ഡിവൈസ് റെസ്ട്രിക്‌ഷൻ പോർട്ടലിൽനിന്നു നേടണമെന്നുമാണ് ഉത്തരവ്. ഇത് ഫോണിന്റെ ആദ്യ വിൽപ്പനയ്ക്കു മുമ്പ് തന്നെ പൂർത്തിയാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
എല്ലാ മൊബൈൽ ഫോണുകളിലും സമാനമല്ലാത്ത 15 അക്ക ഐഎംഇഐ നമ്പറുണ്ട്. ഇതാണ് ഉപകരണത്തിന്‍റെ യുണീക്ക് ഐഡി. ഒരു ടെലികോം ശൃംഖലയുടെ ഭാഗമായി ഒരേ ഐഎംഇഐ നമ്പരുള്ള ഒന്നിലധികം ഉപകരണങ്ങളുടെ സാന്നിധ്യം വരുന്നത് കാണാതായ മൊബൈൽ ഫോണുകളെ പിന്തുടർന്നുള്ള അന്വേഷണത്തെ ബാധിക്കും.