Friday, November 22, 2024
LATEST NEWSSPORTS

ഐ.എം വിജയൻ ഫുട്ബോൾ ഫെഡറേഷനിലേക്കെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം വിജയൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) ഭരണസമിതിയിലേക്ക്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആറ് മുൻ ദേശീയ താരങ്ങളിൽ വിജയനുമുണ്ടെന്നാണു വിവരം. ഫെഡറേഷൻ തിരഞ്ഞെടുപ്പിന് ശേഷം സമിതിയിലെ അംഗങ്ങളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. നാല് പുരുഷ കളിക്കാരെയും രണ്ട് വനിതാ കളിക്കാരെയും വോട്ടവകാശമുള്ള കമ്മിറ്റിയിൽ ഉൾപ്പെടുത്തും.

മുൻ ഗോവൻ താരം ക്ലൈമാക്സ് ലോറൻസ്, മുൻ കളിക്കാരനും പരിശീലകനുമായ ഷബീർ അലി എന്നിവരും പാനലിന്‍റെ ഭാഗമായേക്കും. ചരിത്രപരമായ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ മുൻ ഇന്ത്യൻ ഗോൾകീപ്പർ കല്യാൺ ചൗബെയ്ക്കാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മേൽക്കൈ. മുൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയാണ് ചൗബേയ്ക്കെതിരെ മത്സരിക്കുന്നത്. ആര് ജയിച്ചാലും, ഫെഡറേഷന്‍റെ 85 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു മുൻ ദേശീയ കളിക്കാരൻ പ്രസിഡന്‍റാകും. സംസ്ഥാന അസോസിയേഷനുകളിൽ നിന്നും മറ്റും തിരഞ്ഞെടുക്കപ്പെട്ട 14 അംഗ കമ്മിറ്റിയിൽ കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി അനിൽകുമാറും അംഗമാണ്. 14 സ്ഥാനാർത്ഥികൾ മാത്രമാണ് എക്സിക്യൂട്ടീവിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അതുകൊണ്ട് മത്സരമില്ല.