യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കോഴിക്കോട്: യുവതിയുടെ ശരീരത്തിൽ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചതില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് നിർദേശം നൽകിയത്. വീഴ്ചയ്ക്ക് ആരാണ് ഉത്തരവാദി? എന്താണ് സംഭവിച്ചത്? ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണം. ഒക്ടോബർ 28ന് കോഴിക്കോട് ചേരുന്ന യോഗത്തിൽ കേസ് പരിഗണിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
പന്തീരാങ്കാവ് മലയിൽകുളങ്ങരയിൽ അഷ്റഫിന്‍റെ ഭാര്യ ഹർഷിനയെ 2017 നവംബർ 30നാണ് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഇതിനുശേഷം ഹർഷിനയ്ക്ക് ക്ഷീണവും വേദനയും അനുഭവപ്പെട്ടു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാനിംഗിൽ കത്രിക കണ്ടെത്തിയത്.
സെപ്റ്റംബർ 14ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. കത്രിക 17ന് പുറത്തെടുത്തു. 12 സെന്‍റീമീറ്റർ നീളവും 6 സെന്‍റീമീറ്റർ വീതിയുമുള്ള കത്രിക (ആർട്ടറി ഫോർസെപ്സ്) കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.