Thursday, November 14, 2024
LATEST NEWS

ഇന്ത്യന്‍ വാഴപ്പഴത്തിന് വന്‍ ഡിമാന്റ്; കയറ്റുമതി 703% ഉയര്‍ന്നെന്ന് പിയൂഷ് ഗോയല്‍

ഇന്ത്യയിലെ വാഴപ്പഴ കയറ്റുമതിയിൽ ഗണ്യമായ വര്‍ധന. ഏപ്രിൽ-മെയ് മാസങ്ങളിൽ കയറ്റുമതി എട്ടിരട്ടിയായി വർധിച്ചതായി കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവാണിത്.

2013 ഏപ്രിൽ-മെയ് മാസങ്ങളിൽ 26 കോടി രൂപയായിരുന്ന വാഴപ്പഴ കയറ്റുമതി 2022 ൽ ഇതേ കാലയളവിൽ 213 കോടി രൂപയായി ഉയർന്നു. 703 ശതമാനം വർദ്ധനവുണ്ടായെന്നും ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.

അന്തർ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട കാർഷിക സമ്പ്രദായങ്ങൾ സ്വീകരിച്ചതിന്‍റെ ഫലമാണ് ഇത്തരമൊരു നേട്ടമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വാഴപ്പഴം ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ രാജ്യത്തെ വാഴ ഉത്പാദനത്തിന്റെ 70 ശതമാനത്തിലധികം സംഭാവന ചെയ്യുന്നു.