കൂട്ടിന്റെ കൈപിടിച്ച് അവര്‍ ആദ്യമായി കൊച്ചി കണ്ടു
എറണാകുളം: “സ്വർഗത്തിൽ എത്തിയത് പോലെയായിരുന്നു, ഈ ജന്മത്തിൽ ഇതൊന്നും കാണാൻ കഴിയുമെന്ന് കരുതിയതല്ല. ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും, ഒരു ജീവിതകാലത്തേക്കുള്ള ഓർമ്മകളുമായാണ് കൊച്ചിയിൽ നിന്ന് തിരിച്ചെത്തിയത്.” വീൽചെയറിൽ വീടിന്‍റെ ചുവരുകൾക്കുള്ളിൽ ജീവിതം നയിച്ചിരുന്ന ബീനയ്ക്ക് സ്വപ്നതുല്യമായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. ബീനയെപ്പോലെ നിരവധി പേരുടെ ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ചതാവട്ടെ കൂട്ട് എന്ന സന്നദ്ധ സംഘമാണ്.
ചലനശേഷിയെ ബാധിക്കുന്ന അപൂർവ രോഗം ബാധിച്ചവരുടെ കൂട്ടായ്മയായ മൈൻഡ് ഓർഗനൈസേഷന്‍റെ കീഴിലുള്ള വളണ്ടിയര്‍ സംഘമാണ് കൂട്ട്. വർഷങ്ങളായി വീൽചെയറിൽ തളക്കപ്പെട്ട് വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങാൻ കഴിയാതിരുന്നവർക്കുള്ള താൽക്കാലിക ആശ്വാസമായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര. ഓഗസ്റ്റ് 23ന് എറണാകുളം സ്വദേശികളായ ഒൻപത് പേരാണ് ‘കൂട്ടിന്‍റെ കൈപിടിച്ച്’ കൊച്ചി കാണാനിറങ്ങിയത്. ഇരുപത് സന്നദ്ധപ്രവർത്തകർ അവർക്ക് ധൈര്യവും ആശ്വാസവും സന്തോഷവും പകർന്ന് കൂടെ നിന്നു. ലുലു മാളിൽ കറങ്ങി കൊച്ചി മെട്രോ ട്രെയിനിൽ യാത്ര ചെയ്ത് മഹാരാജാസ് കോളേജും സുഭാഷ് പാർക്കും കണ്ട് അവർ സന്തോഷത്തോടെ പിരിഞ്ഞു.
കൊച്ചി മെട്രോയിൽ ആവേശകരമായ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്. യാത്രയുടെ തുടക്കം മുതൽ അവസാനം വരെ മെട്രോ ജീവനക്കാരും ഇവർക്കൊപ്പമുണ്ടായിരുന്നു. ഗാനസന്ധ്യ ഒരുക്കിയാണ് സംഘത്തെ മഹാരാജാസിലെ കുട്ടികൾ സ്വീകരിച്ചത്. ക്യാമ്പസ് ചുറ്റിക്കറങ്ങി റോഡ് മുറിച്ചുകടന്ന് പാർക്കിൽ എത്താൻ കുട്ടികളും സഹായിച്ചു. അങ്ങനെ അതൊരു അവിസ്മരണീയ യാത്രയായി മാറി. ഈ ജന്മം മുഴുവൻ ഓർക്കാൻ മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച ഒരു യാത്ര.