Thursday, January 9, 2025
LATEST NEWSTECHNOLOGY

വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ വിറ്റഴിക്കുന്ന കമ്പനിയായ ഹീറോ മോട്ടോകോർപ്പ്, തങ്ങളുടെ സ്‌കൂട്ടറുകളുടെയും ബൈക്കുകളുടെയും വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. പുതിയ വില ഇന്ത്യയിൽ ഉടൻ പ്രാബല്യത്തിൽ വരും. 1000 രൂപ വരെ വില ഉയരുമെന്നാണ് വിവരം. പണപ്പെരുപ്പമാണ് വിലവർധനവിന് കാരണമായതെന്നാണ് കമ്പനി പറയുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം ഭാഗികമായി നികത്താനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും കമ്പനി വ്യക്തമാക്കി. ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫറുകളും ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്ന സമയത്താണ് ഈ വില വർധനവ് എന്നത് ശ്രദ്ധേയമാണ്. എല്ലാ മോഡലുകൾക്കും കമ്പനി വില വർധിപ്പിച്ചിട്ടുണ്ട്. 55,450 രൂപ മുതൽ 1,36,378 രൂപ വരെയുള്ള പതിനാല് മോട്ടോർസൈക്കിളുകളും (എക്സ്-ഷോറൂം) 66,250 രൂപ മുതൽ 77,078 രൂപ (എക്സ്-ഷോറൂം) വരെയുള്ള നാല് സ്‌കൂട്ടറുകളുമാണ് ഹീറോ മോട്ടോകോർപ്പിന് നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത്.