Tuesday, December 3, 2024
GULFLATEST NEWS

സൗദിയിൽ കനത്ത മഴ ; വ്യാപക നാശനഷ്ടം

ജിദ്ദ: കനത്ത മഴയിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റുമുണ്ട്. ജിസാന്‍റെ പല ഭാഗങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇടിമിന്നലേറ്റ് 12 വയസുകാരൻ മരിച്ചു. റോഡിലേക്ക് പാറക്കെട്ടുകൾ വീണതിനാൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. റോഡുകളിൽ വെള്ളം ഉയർന്നതോടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.

ജിസാനിൽ മഴ വെള്ളപ്പാച്ചിലിൽപെട്ട രണ്ട് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഫിഫയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പാലങ്ങൾ ഒലിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്.

മദീനയിലും കനത്ത മഴയിൽ വാഹനഗതാഗതം താറുമാറാവുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. മദീനയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ രണ്ട് ബസുകളിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി.