Thursday, January 23, 2025
LATEST NEWSSPORTS

കോമൺവെൽത്ത് ഗെയിംസിൽ മെഡലിനായി കളിക്കുമെന്ന് ഹർമൻപ്രീത് കൗർ

മുംബൈ : കോമൺവെൽത്ത് ഗെയിംസിൽ മെഡലിനായാണ് കളിക്കുകയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഇത് വളരെ നിർണായകമായ ഒരു ടൂർണമെന്റാണെന്നും, ഇത്തരമൊരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഗെയിംസിനായി ഇംഗ്ലണ്ടിലെ ബിർമിങ്‌ഹാമിലേക്ക് പോകുന്നതിനു മുന്നോടി ആയി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഹർമൻ മനസുതുറന്നത്.

“ഈ ടൂർണമെന്‍റ് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഇത്തവണ മെഡലിന് വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത്. എന്നെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത്തരത്തിലുള്ള ടൂർണമെന്‍റുകൾ കണ്ടാണ് ഞങ്ങൾ വളർന്നത്. നമുക്കും ഈ അവസരം ലഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ ഒരു വലിയ ഇവന്‍റിന്‍റെ ഭാഗമാകാൻ പോകുന്നു. ഭാവിയിൽ, ഞങ്ങൾക്ക് ഇനിയും അത്തരം അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ, അത് ഞങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് കരുതുന്നു,” ഹർമൻപ്രീത് പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ് സ്മൃതി മന്ദാന. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്. കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്.