Sunday, December 22, 2024
LATEST NEWSPOSITIVE STORIES

മാലിന്യച്ചാക്കില്‍പ്പെട്ട സ്വർണവും പണവും തിരികെ നല്‍കി ഹരിതസേനാംഗങ്ങള്‍

മമ്പാട് (മലപ്പുറം): മാലിന്യം നിറച്ച ചാക്കിൽപ്പെട്ട സ്വർണ്ണാഭരണങ്ങളും പണവും വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മുക്കാല്‍ പവനോളം വരുന്ന കമ്മലും 12,500 രൂപയുമാണ് മമ്പാട് വള്ളിക്കെട്ടിലെ കുരുടത്ത് പത്മിനിക്ക് നഷ്ടപ്പെട്ടത്. ആഭരണങ്ങളും പണവും അടങ്ങിയ പഴ്സ് ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ട പ്ലാസ്റ്റിക് കവറുകളിൽ ആയിരുന്നു പെട്ട് പോയത്.

സേനാംഗങ്ങളായ തങ്ക ബാലചന്ദ്രൻ, ശ്രീദേവി പറമ്പാടൻ എന്നിവരാണ് വെള്ളിയാഴ്ച മാലിന്യം ശേഖരിക്കാനെത്തിയിരുന്നത്. പഴ്സ് കാണാനില്ലെന്ന് മനസിലാക്കിയതോടെ മാലിന്യ സഞ്ചികളിൽ കുടുങ്ങാനുള്ള സാധ്യതയെക്കുറിച്ച് കുടുംബം ചിന്തിച്ചു.

അപ്പോഴേക്കും ഇവ തരംതിരിക്കല്‍ കേന്ദ്രത്തിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പഴ്സ് കണ്ടെത്തിയത്. വാർഡ് മെമ്പർ പി. മുഹമ്മദിന്‍റെ സാന്നിധ്യത്തില്‍ ഇത് വീട്ടമ്മയ്ക്ക് കൈമാറുകയായിരുന്നു.