Monday, January 20, 2025
LATEST NEWSSPORTS

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്‍റെ കുടിശ്ശിക തീര്‍ക്കാൻ 6 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട മുഴുവൻ കുടിശ്ശികയും തീർക്കാനുള്ള തുക സർക്കാർ അനുവദിച്ചു. സ്റ്റേഡിയം അടിയന്തരമായി കൈകാര്യം ചെയ്യുന്ന കമ്പനിക്ക് ആറ് കോടി രൂപയാണ് അനുവദിച്ചത്. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെ എസ് ആന്റ് എഫ് എല്‍) വരുത്തിയ കുടിശ്ശിക അടയ്ക്കാന്‍ മാത്രം ഉപയോഗിക്കുന്നതിനായാണ് ഈ തുക അനുവദിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി അബ്ദു റഹിമാന്‍ പറഞ്ഞു.

ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെച്ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ഡിബിഒടി (ഡിസൈൻ ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) രീതിയിലാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. 2027 വരെ കെ.എസ്.എഫ്.എല്ലിന് ഈ അവകാശമുണ്ട്. എന്നാൽ സ്റ്റേഡിയം നിലനിർത്തുന്നതിൽ അവർ കടുത്ത അലംഭാവം കാണിച്ചതോടെ ആറ് കോടി രൂപയുടെ ആന്വിറ്റി തുക സർക്കാർ തടഞ്ഞ് വെച്ചു. 

2019-20 കാലയളവിൽ ആന്വിറ്റിയിൽ നിന്ന് വെട്ടിക്കുറച്ച തുകയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. നിലവിൽ വസ്തുനികുതി 2.04 കോടി രൂപയും, വൈദ്യുതി ചാർജ് 2.96 കോടി രൂപയും, വെള്ളക്കരം 64.86 ലക്ഷം രൂപയും, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനുള്ള 5.36 ലക്ഷം രൂപയുമാണ് കുടിശ്ശിക. ഈ കുടിശ്ശിക തീർക്കാൻ ആവശ്യമായ തുക 6 കോടി രൂപയിൽ നിന്ന് നൽകാൻ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ നടപടി സ്വീകരിക്കും.