Tuesday, January 21, 2025
GULFLATEST NEWS

യുഎഇയിലെ ഇന്ധന വില എട്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

അബുദാബി: തുടർച്ചയായ മൂന്നാം മാസവും വില കുറഞ്ഞതോടെ യുഎഇയിൽ ഇന്ധന വില എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വർഷം ഫെബ്രുവരിയിലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്. ഉക്രൈൻ-റഷ്യ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂണിൽ ചരിത്രത്തിലാദ്യമായി ഇന്ധന വില നാല് ദിർഹം കടന്നിരുന്നു. അതിനുശേഷം വില ക്രമേണ കുറഞ്ഞു.

ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യയുടെ ഉക്രൈൻ അധിനിവേശം ജൂലൈയിൽ ഏറ്റവും മോശമായ അവസ്ഥയിൽ എത്തിയപ്പോൾ യുഎഇയിലെ സൂപ്പർ 98 പെട്രോളിന് 4.63 ദിർഹമായിരുന്നു വില. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധന വിലയായിരുന്നു ഇത്. രണ്ട് ദിവസം മുമ്പ് ഒക്ടോബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ സൂപ്പർ 98 പെട്രോളിന്‍റെ വില 3.03 ദിർഹമായി. സെപ്റ്റംബറിൽ ഇത് 3.41 ദിർഹമായിരുന്നു. മറ്റ് ഗ്രേഡുകളിലുള്ള പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇതേ കണക്കിൽ കുറഞ്ഞിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ സൂപ്പർ 98 പെട്രോളിന്‍റെ വില 2.94 ദിർഹമായിരുന്നു. ഇത് മാർച്ചിൽ 3.23 ദിർഹമായി ഉയർന്നിരുന്നു. 

2015 മുതൽ, അന്താരാഷ്ട്ര വിപണിയിലെ അസംസ്‍കൃത എണ്ണയുടെ വില അടിസ്ഥാനപ്പെടുത്തിയാണ് യുഎഇയിലെ റീട്ടെയിൽ വിപണിയിൽ ഇന്ധന വില നിശ്ചയിക്കുന്നത്. എല്ലാ മാസവും ഇത് അനുസരിച്ച് വിലയില്‍ മാറ്റം വരുത്താന്‍ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റിയെ നിയോഗിച്ചു. റഷ്യ-ഉക്രൈന്‍ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി അസംസ്‍കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വില കുറയുകയാണ്. ഒക്ടോബറില്‍ സൂപ്പര്‍ 98 പെട്രോളിന് 3.03 ദിര്‍ഹവും സ്‍പെഷ്യല്‍ 95 പെട്രോളിന് 2.92 ദിര്‍ഹവും ഇ-പ്ലസ് പെട്രോളിന് 2.85 ദിര്‍ഹവുമാണ് വില.