Tuesday, April 1, 2025
LATEST NEWSTECHNOLOGY

പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കാം; പുതുവിദ്യ വികസിപ്പിച്ച് ഐഐടി ഗുവാഹത്തി

ഗുവാഹത്തി: പഴങ്ങളും പച്ചക്കറികളും ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും അതിന് പരിമിതിയുണ്ട്. എന്നാൽ, ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പഴങ്ങളും പച്ചക്കറികളും രണ്ട് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ ഒരു പുതിയ സംവിധാനം കണ്ടെത്തി. പഴങ്ങളും പച്ചക്കറികളും പൊതിഞ്ഞ് സൂക്ഷിക്കാവുന്ന കോട്ടിംഗ് ആണ് വികസിപ്പിച്ചെടുത്തത്.

പഴങ്ങളും പച്ചക്കറികളും പൊതിഞ്ഞ് സൂക്ഷിക്കാൻ കഴിയുന്ന മണ്ണിൽ ലയിക്കുന്നതും ഭക്ഷ്യയോഗ്യവുമായ സംവിധാനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) ഗവേഷകർ വികസിപ്പിച്ചെടുത്തത്. ഉരുളക്കിഴങ്ങ്, തക്കാളി, പച്ചമുളക്, സ്ട്രോബെറി, ഓറഞ്ച്, ആപ്പിൾ, കൈതച്ചക്ക, കിവി എന്നിവയെല്ലാം ഈ സംവിധാനത്തിലൂടെ രണ്ട് മാസത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാൻ കഴിഞ്ഞെന്ന് ഗവേഷകർ അവകാശപ്പെട്ടു.

ഗവേഷണ ഫലങ്ങൾ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി അഡ്വാൻസസ്; ഫുഡ് പാക്കേജിംഗ് ആൻഡ് ഷെൽഫ് ലൈഫ്, അമേരിക്കൻ കെമിക്കൽ സൊസൈറ്റീസ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി എന്നീ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.