സിനിമയിൽനിന്ന് പരീക്ഷാ ഹാളിലേക്ക്; മുടങ്ങിയ പഠനം പൂർത്തിയാക്കാൻ നടി ലീനാ ആന്റണി
ആറുപതിറ്റാണ്ടു മുൻപ് മുടങ്ങിയ പത്താംക്ലാസ് പഠനം പൂർത്തിയാക്കാൻ നടി ലീനാ ആന്റണി സിനിമാലോകത്തുനിന്ന് പരീക്ഷാമുറിയിലേക്ക്. 73-ാം വയസ്സിലാണ് നടി ലീന തിങ്കളാഴ്ച പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതുന്നത്. തൈക്കാട്ടുശ്ശേരി ഉളവയ്പ് സ്വദേശിനിയായ ലീന അച്ഛന്റെ മരണത്തെത്തുടർന്ന് പഠനംനിർത്തി 13-ാം വയസ്സിൽ നാടകാഭിനയത്തിലേക്കു കടന്നതാണ്. നാടകത്തിൽനിന്നുള്ള വരുമാനമായിരുന്നു ഉപജീവനമാർഗം. അന്തരിച്ച നടൻ കെ.എൽ ആന്റണിയാണ് ലീനയുടെ ഭർത്താവ്. ആന്റണിയുടെ മരണശേഷമുള്ള ഒറ്റപ്പെടലാണു ലീനയെ വീണ്ടും പാഠപുസ്തകങ്ങളിലേക്ക് അടുപ്പിച്ചത്.
‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയരായ ദമ്പതിമാരാണ് ആന്റണിയും ലീനയും. ഭർത്താവിന്റെ മരണം ലീനയെ തളർത്തിയെങ്കിലും പിന്നീട് സിനിമയിൽ സജീവമായി. കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന അച്ഛൻ ശൗരി മകളെ പഠിപ്പിക്കാൻ ഏറെ താത്പര്യപ്പെട്ടിരുന്നു. ലീനയ്ക്കും സഹോദരി അന്നാമ്മയ്ക്കും നാടകവും കഥകളിയുമെല്ലാം പഠിക്കാൻ ശൗരി അവസരമൊരുക്കിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പോസ്റ്ററുകളും മറ്റും എഴുതിയതു ലീനയുടെ ഓർമയിലുണ്ട്.
ലീന പത്താം ക്ലാസിൽ തൈക്കാട്ടുശ്ശേരി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണു ശൗരി കോളറ ബാധിച്ചു മരിച്ചത്. പ്രശസ്തമായ കലാനിലയം നാടകസംഘത്തിലാണ് ആദ്യം അവസരം കിട്ടിയത്. അച്ഛന്റെ മരണശേഷം ബുദ്ധിമുട്ടിലായ കുടുംബത്തിന് നാടകത്തിൽനിന്നു ലീനയ്ക്കു ലഭിക്കുന്ന പണമായിരുന്നു വരുമാനം.