Tuesday, December 17, 2024
LATEST NEWSPOSITIVE STORIES

52 യുവാക്കളെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ലിസ്റ്റിലെത്തിച്ച് സൗഹൃദം ക്ലബ്

മലപ്പുറം: ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐആർബി) കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റിന്‍റെ പ്രാഥമിക പട്ടികയിൽ 52 യുവാക്കളെ എത്തിച്ച് മലപ്പുറം മൂർക്കനാട് സൗഹൃദം ക്ലബ് ചരിത്രം സൃഷ്ടിച്ചു. പഞ്ചായത്തിലെ പ്രതിഭാശാലികളായ യുവാക്കളെ കണ്ടെത്തി അവർക്ക് പരീക്ഷാ-കായിക പരിശീലനം നല്‍കുകയാണ് ഇവര്‍. ഫിസിക്കൽ ടെസ്റ്റിനൊപ്പം എഴുത്തുപരീക്ഷയിലും പരിശീലനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനാൽ, എഴുത്തുപരീക്ഷയിൽ മികവ് പുലർത്താൻ ഇത് ഉദ്യോഗാർത്ഥികളെ ഏറെ സഹായിച്ചു.

ശിഹാബ് കരീക്കുന്നന്‍, അഭിജിത്ത് എന്നിവരാണ് യുവാക്കള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പരിശീലനം നല്‍കുന്നത്. മികച്ച പരിശീലനത്തോടൊപ്പം ചുരുങ്ങിയ കാലയളവിനുള്ളിൽ ഉദ്യോഗാർത്ഥികൾ കാണിച്ച താൽപ്പര്യമാണ് നേട്ടത്തിന് പിന്നിലെന്ന് സൗഹൃദം ക്ലബ് ഭാരവാഹികൾ പറയുന്നു. “ഒരു പ്രദേശത്ത് നിന്ന് ഇത്രയധികം ആളുകള്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെടുന്നത് വലിയ നേട്ടമാണ്,” അവർ പറഞ്ഞു.

രാവിലെയും വൈകുന്നേരവും ഫിസിക്കൽ ടെസ്റ്റിനുള്ള പരിശീലനവും രാത്രിയിൽ എഴുത്തുപരീക്ഷയ്ക്കുള്ള പരിശീലനവുമാണ് നല്‍കുന്നത്. ക്ലാസുകൾ ഫലപ്രദമാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. പോലീസ് റിക്രൂട്ട്മെന്‍റിനായി മാത്രമല്ല, മറ്റ് തസ്തികകളിലേക്കും പരിശീലനം ആരംഭിക്കാനാണ് ക്ലബ്ബ് പദ്ധതിയിടുന്നത്.