നാല് വര്‍ഷത്തിനുശേഷം പ്രണോയ് ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ആദ്യ 15-ല്‍ ഇടം നേടി
ന്യൂഡല്‍ഹി: ബാഡ്മിന്‍റൺ ലോക ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) പുറത്തുവിട്ട എറ്റവും പുതിയ താരങ്ങളുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മലയാളി താരം എച്ച്.എസ് പ്രണോയ്. നാല് വർഷത്തിന് ശേഷമാണ് പ്രണോയ് ആദ്യ 15 റാങ്കിൽ ഇടം നേടിയത്.
15-ാം സ്ഥാനത്താണ് പ്രണോയ്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് 15-ാം സ്ഥാനത്തെത്തിയത്. നേരത്തെ 2018 ഒക്ടോബർ 17നാണ് പ്രണോയ് 15-ാം സ്ഥാനത്തെത്തിയത്. അടുത്തിടെ ബിഡബ്ല്യുഎഫ് വേൾഡ് ടൂർ റാങ്കിങ്ങിൽ പ്രണോയ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. സെപ്റ്റംബർ ആറിനാണ് താരം ഈ നേട്ടം കൈവരിച്ചത്.
മറ്റൊരു ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് പുരുഷ റാങ്കിങ്ങിൽ 11-ാം സ്ഥാനത്താണ്. മുൻ ലോക ഒന്നാം നമ്പർ താരം ശ്രീകാന്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് 11ാം സ്ഥാനത്തെത്തിയത്. എന്നാൽ നിലവിൽ ഇന്ത്യയുടെ ടോപ് സീഡ് താരം ലക്ഷ്യ സെൻ ആണ്. സെൻ ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്താണ്. ആദ്യ പത്തിലുള്ള ഏക താരവും സെൻ തന്നെ.