Sunday, December 22, 2024
LATEST NEWSSPORTS

മുന്‍ പാക് അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു

ലഹോർ: ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്താന്‍ അമ്പയറുമായ ആസാദ് റൗഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. റൗഫിന്റെ സഹോദരന്‍ താഹിറാണ് മരണ വിവരം അറിയിച്ചത്. ലാഹോറിലെ ലാന്‍ഡ ബസാറിലുള്ള തന്റെ വസ്ത്രവ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റൗഫിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പറഞ്ഞു. അലീം ദാറിനൊപ്പം പാകിസ്താനില്‍ നിന്നുള്ള പ്രധാന അമ്പയറായിരുന്നു റൗഫ്. 2006-ല്‍ ഐസിസിയുടെ എലൈറ്റ് പാനലില്‍ ഉള്‍പ്പെട്ട അദ്ദേഹം 47 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ട്വന്റി 20-കളും നിയന്ത്രിച്ചിട്ടുണ്ട്. ഏഴു വര്‍ഷത്തോളം എലൈറ്റ് പാനലിലുണ്ടായിരുന്ന അദ്ദേഹം 2013-ലാണ് പുറത്താക്കപ്പെടുന്നത്.