ഇന്ത്യയേയും എസ്.ജയശങ്കറിനേയും പ്രശംസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശകാര്യ നയത്തെ പ്രശംസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലാഹോറിൽ നടന്ന ഒരു പൊതുപരിപാടിയിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തേയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനേയും ഇമ്രാന്‍ അഭിനന്ദിച്ചു. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിൽ അമേരിക്കയ്ക്ക് അതൃപ്തിയുണ്ടെങ്കിലും അത് ചെവിക്കൊള്ളാതെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞ ഇന്ത്യയെ കുറ്റപ്പെടുത്തിയതിന് പാശ്ചാത്യ രാജ്യങ്ങളെയും ഇമ്രാൻ ഖാൻ വിമർശിച്ചു. സ്ലോവാക്യയിൽ ജയശങ്കര്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ക്ലിപ്പും ഖാൻ പ്രദർശിപ്പിച്ചിരുന്നു.
പാകിസ്താനൊപ്പമാണ് ഇന്ത്യക്കും സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ബോധമുള്ള ഒരു വിദേശ നയം സ്വീകരിക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നു. പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കുന്ന സർക്കാരായി മാറിയിരിക്കുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് അവർ (യുഎസ്) ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി. ഇന്ത്യ യുഎസിന്‍റെ നയതന്ത്ര സുഹൃത്താണ്. പാകിസ്ഥാൻ അങ്ങനെയല്ല. അമേരിക്ക അത്തരമൊരു നിർദ്ദേശം നൽകിയപ്പോൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്താണ് മറുപടി നൽകിയതെന്ന് നമുക്ക് നോക്കാമെന്ന് പറഞ്ഞ ഇമ്രാൻ ഖാൻ, ഇതിന് പിന്നാലെയാണ് ജയശങ്കറിന്‍റെ വീഡിയോ പ്രദര്‍ശിപ്പിച്ചത്.
യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നുണ്ടെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് അത് ആവശ്യമുള്ളതിനാല്‍ തങ്ങള്‍ റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങുമെന്നും ഈ വിഷയത്തില്‍ യുഎസ് ഇടപെടേണ്ട ആവശ്യമില്ലെന്നും സ്ലൊവാക്യയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് ഇമ്രാൻ ഖാൻ പറഞ്ഞു. യുഎസിന്‍റെ സമ്മർദ്ദത്തിൻ വഴങ്ങി റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങാത്ത പാകിസ്ഥാൻ സർക്കാരിനെയും ഇമ്രാൻ ഖാൻ വിമർശിച്ചു.