Saturday, December 21, 2024
LATEST NEWSTECHNOLOGY

ഭക്ഷണം വിളമ്പും, പത്രമെത്തിക്കും; ‘ആന്‍ഡ്രോയ്ഡ് പാത്തൂട്ടി’ നാട്ടിലെ താരം

കൂത്തുപറമ്പ്: വേങ്ങാട്മെട്ട കരയാംതൊടിയിലെ റിച്ച് മഹലിൽ ഭക്ഷണം വിളമ്പുന്നതും പത്രം മുറികളിൽ എത്തിക്കുന്നതും ‘പാത്തൂട്ടി’ എന്ന റോബോട്ടാണ്. വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷിയാദ് നിർമ്മിച്ച റോബോട്ട് ഇന്ന് വീട്ടിലും നാട്ടിലും ഒരു താരമാണ്.

പഠനത്തിനുള്ള ഒരു പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച റോബോട്ടിനെ ഷിയാദ് തന്‍റെ അമ്മ സറീനയ്ക്ക് സഹായിയാക്കി മാറ്റുകയായിരുന്നു. പ്ലാസ്റ്റിക് സ്റ്റൂൾ, അലുമിനിയം ഷീറ്റ്, ഫീമെയിൽ ഡമ്മി, സെർവിംഗ് പ്ലേറ്റ് എന്നിവയാണ് റോബോട്ടിനെ നിർമ്മിക്കാൻ ഉപയോഗിച്ചത്. എം.ഐ.ടി. ആപ്പ് വഴി നിര്‍മിച്ച മൊബൈല്‍ ആപ്ലിക്കേഷനും അഡ്‌മെഗാ മൈക്രോ കണ്‍ട്രോളറും ഐ.ആര്‍. അള്‍ട്രാസോണിക് സെന്‍സറുമാണ് റോബോട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

റോബോട്ട് യാന്ത്രികമായും മാനുവലായും പ്രവർത്തിക്കും. സഹപാഠിയായ അർജുനും നിർമ്മാണത്തിൽ സഹായിച്ചു. അനുയോജ്യമായ വസ്ത്രം അണിയിച്ച് സറീന ‘പാത്തൂട്ടി’യെ സുന്ദരിയുമാക്കി. വെറും 10,000 രൂപ മാത്രമാണ് ചെലവായത്. യാന്ത്രികമായി പ്രവർത്തിക്കുമ്പോൾ, ഇത് അടുക്കളയിൽ നിന്ന് ഡൈനിംഗ് ഹാളിലേക്ക് പരസഹായമില്ലാതെ സഞ്ചരിക്കും. ആപ്ലിക്കേഷനിൽ സജ്ജീകരിച്ചിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വഴിയില്ലാത്ത സ്ഥലങ്ങളില്‍ കൊണ്ടുപോകേണ്ടിവന്നാല്‍ മാനുവൽ മോഡിലാണ് പ്രവര്‍ത്തിക്കുക. അഞ്ച്, ആറ് കിലോ ഭാരം വഹിച്ചുനടക്കാന്‍ ‘പാത്തൂട്ടി’ക്ക് സാധിക്കും.