Thursday, November 14, 2024
HEALTHLATEST NEWS

ഭക്ഷ്യസുരക്ഷാ മാനദണ്ഡം ; രാജ്യത്ത് പിഴയായി ഈടാക്കിയത് 50.75 കോടി രൂപ

കൊച്ചി: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 2020-21 ൽ രാജ്യത്ത് പിഴയായി ഈടാക്കിയത് 50.75 കോടി രൂപ. 2020-21 വർഷത്തെ എഫ്.എസ്.എസ്.എ.ഐ റിപ്പോർട്ട് പ്രകാരം 59.69 ലക്ഷം രൂപ പിഴയാണ് കേരളത്തിൽ നിന്ന് ഈടാക്കിയത്. ആകെ 1.07 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതിൽ 28,347 സാമ്പിളുകൾ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് കണ്ടെത്തി. ഇതിൽ 5,220 എണ്ണം സുരക്ഷിതമല്ലാത്തവയും 13,394 എണ്ണം നിലവാരം കുറഞ്ഞവയുമാണ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 28,062 കേസുകൾ രജിസ്റ്റർ ചെയ്തു.

ഇതിൽ 3,869 എണ്ണം ക്രിമിനൽ കേസുകളാണ്. കേരളത്തിൽ നിന്ന് ശേഖരിച്ച 6971 സാമ്പിളുകളിൽ 1020 എണ്ണവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. സംസ്ഥാനത്ത് ആകെ 696 കേസുകളാണ് രജിസ്റ്റർ ചെയ്തത്. റിപ്പോർട്ട് പ്രകാരം, എഫ്എസ്എസ്എഐ രാജ്യത്തുടനീളം 1790 സ്ഥാപനങ്ങൾക്ക് ശുചിത്വ റേറ്റിംഗ് നൽകി. എഫ്.എസ്.എസ്.എ.ഐയുടെ കേന്ദ്ര ഉപദേശക സമിതി യോഗം കൊച്ചിയിൽ ചേർന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർ സന്നിഹിതരായിരുന്നു. ഭക്ഷ്യസുരക്ഷ മുൻനിർത്തിയുളള ബോധവൽക്കരണ റാലിയും ഈറ്റ് റൈറ്റ് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചു.