Monday, December 23, 2024
LATEST NEWSSPORTS

ഇഷ്ടതാരം മെസിയെന്ന് ഫ്ലോറെന്റിൻ പോ​ഗ്ബ

കൊൽക്കത്ത: ലോക ഫുട്ബോളിലെ തന്‍റെ പ്രിയപ്പെട്ട കളിക്കാരനാണ് ലയണൽ മെസിയെന്ന് എടികെ മോഹൻ ബഗാന്‍റെ ഏറ്റവും പുതിയ സൂപ്പർ താരം ഫ്ലോറെന്‍റിൻ പോഗ്ബ. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഫ്ലോറെന്‍റിൻ തന്‍റെ ആദ്യ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്‍റെ പ്രിയപ്പെട്ട കളിക്കാരൻ ലയണൽ മെസ്സിയാണ്, സാങ്കേതികത്തികവിൽ അദ്ദേഹം അസാമാന്യ പ്രതിഭയാണ്, എല്ലാം അദ്ദേഹത്തിന് വളരെ അനുയോജ്യമാണ്. എന്‍റെ കാഴ്ചപ്പാടിൽ മെസ്സി എക്കാലത്തെയും മികച്ച കളിക്കാരനാണ്. കുട്ടിക്കാലത്ത് ഞാനും മെസ്സിയെപ്പോലെ പത്താം നമ്പറിൽ കളിക്കാറുണ്ടായിരുന്നു. ഒരു ദിവസം എന്‍റെ ടീമംഗത്തിന് പരിക്കേറ്റപ്പോൾ എനിക്ക് ഒരു ഡിഫൻഡറായി മാറേണ്ടിവന്നു. തുടർന്ന് കോച്ച് എന്നോട് കുറച്ച് മത്സരങ്ങളിൽ കൂടി ഒരു ഡിഫൻഡറായി തുടരാൻ ആവശ്യപ്പെട്ടു. പിന്നീട് ടീം നിരവധി വിജയങ്ങൾ നേടിയതോടെ ഞാൻ ആ സ്ഥാനത്ത് തുടരുകയായിരുന്നു. അങ്ങനെയാണ് ഞാൻ മിഡ്ഫീൽഡിൽ നിന്ന് പ്രതിരോധത്തിലേക്ക് കടന്നത്, ഫ്ലോറെന്‍റിൻ പറഞ്ഞു.

ഫ്രാൻസ് വിട്ട് അന്താരാഷ്ട്ര തലത്തിൽ ഗിനിയയെ പ്രതിനിധീകരിച്ചതിന്‍റെ കാരണവും ഫ്ലോറെന്‍റിൻ വെളിപ്പെടുത്തി. “അണ്ടർ -20, അണ്ടർ -23 വിഭാഗങ്ങളിൽ ഞാൻ ഫ്രാൻസിനായി കളിച്ചിട്ടുണ്ട്. പക്ഷേ അത് കൂടുതലും സൗഹൃദ മത്സരങ്ങളിൽ ആയിരുന്നു. അതേസമയം ഗിനിയ ദേശീയ ടീമിന്‍റെ പരിശീലകൻ എന്നെ ക്ഷണിച്ചു. എന്‍റെ ഹൃദയം എല്ലായ്പ്പോഴും ഗിനിയക്കൊപ്പമായിരുന്നു. അതുകൊണ്ടാണ് ഫ്രാൻസിനായി കളിക്കാൻ എനിക്ക് കഴിവുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും ഞാൻ ഗിനിയയെ തിരഞ്ഞെടുത്തത്, “ഫ്ലോറെന്‍റിൻ പറഞ്ഞു.