Wednesday, January 22, 2025
GULFLATEST NEWS

ശക്തമായ പൊടിക്കാറ്റിൽ വിമാനങ്ങൾ വൈകി;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

ദുബായ്: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് വിമാനങ്ങൾ വൈകിയതിനാൽ യാത്രക്കാർ ഒരു ദിവസത്തിലേറെ വിമാനത്താവളത്തിൽ കുടുങ്ങി. ഷാർജയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് അൽപ്പസമയം മുമ്പാണ് കേരളത്തിലേക്ക് പുറപ്പെടാൻ കഴിഞ്ഞത്. എയർ അറേബ്യയിലെ യാത്രക്കാർക്കും സമാനമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും എയർലൈൻ താമസസൗകര്യം ഒരുക്കി. എന്നാൽ എയർ ഇന്ത്യ യാത്രക്കാർ പൂർണമായും വിമാനത്താവളത്തിനുള്ളിൽ ആയി. ബെഞ്ചിലും കസേരയിലും പുറത്തേക്കുമില്ല അകത്തേക്കുമില്ലെന്ന അവസ്ഥയിൽ ഇരുന്നും കിടന്നും നേരം വെളുപ്പിക്കുകയായിരുന്നു. ഇന്നലത്തെ പൊടിക്കാറ്റിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സമാനമായ സാഹചര്യമായിരുന്നു.
ഇറങ്ങേണ്ട വിമാനങ്ങൾ കുവൈറ്റിലാണ് ലാൻഡ് ചെയ്തത്. വിമാനം മണിക്കൂറുകൾ വൈകിയാണ് യാത്ര ആരംഭിച്ചത്. കുട്ടികളുമായി വന്നവർ ഏറെ ബുദ്ധിമുട്ടി. യാത്രക്കാരുടെ ലഗേജ് വിമാനത്തിലേക്ക് മാറ്റിയതിനാൽ ആർക്കും മാറാൻ തുണി പോലും ഉണ്ടായിരുന്നില്ല. ഓരോ മണിക്കൂറിലും വിമാനം പറന്നുയരുമെന്ന സൂചന ലഭിച്ചതിനാൽ ആർക്കും എവിടെയും സ്വസ്ഥമായി ഇരിക്കാൻ പോലും സാധിച്ചില്ലെന്നു യാത്രക്കാർ പറഞ്ഞു. യാത്രക്കാരെ കൈകാര്യം ചെയ്യാൻ എയർ ഇന്ത്യയ്ക്ക് രണ്ട് ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിമാനത്താവളത്തിലെ മുറികൾ മറ്റ് കമ്പനികൾ ബുക്ക് ചെയ്തതിനാൽ കിടക്കാൻ ഒരിടം നൽകാൻ പോലും കഴിഞ്ഞില്ല. കേരളത്തിലേക്കുള്ള മൂന്ന് വിമാനങ്ങളിലെ യാത്രക്കാർ ഇന്നലെ ഇവിടെ ഉണ്ടായിരുന്നു. 500 ഓളം പേർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നതിനാൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കുടുങ്ങിയവരിൽ ടു മെൻ ഫിലിം ക്രൂവും ഉൾപ്പെട്ടിരുന്നു.